തിരുവനന്തപുരം: കൃത്യമായ പരിചരണ നടപടികളും പരിപാലനക്കുറവും കാരണം കേരളത്തിലെ വനംവകുപ്പിന്റെ തേക്കിൻ തോട്ടം നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടായെന്നും സമയബന്ധിത നടപടികൾ ഇല്ലാത്തതിനാൽ തോട്ടങ്ങൾ നശിച്ചു പോകുന്നെന്നും കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. നിയമസഭയിൽ സമർപ്പിച്ച 2023 ലെ റിപ്പോർട്ടിലാണ് വനം വകുപ്പിനെ വിമർശിക്കുന്നത്.
രണ്ടു തേക്കു ഡിവിഷനുകളിൽ ആറു വർഷമായി പ്രവർത്തന പദ്ധതികൾ ഒന്നും നടപ്പാക്കുന്നില്ല. കള നീക്കംചെയ്യൽ, കമ്പു കോതൽ, പ്ലാറ്റ്ഫോം നിർമിക്കൽ, വള്ളിച്ചടികളും മരവും മുറിച്ചുമാറ്റൽ എന്നിവ പലയിടത്തും നടക്കുന്നില്ല. ഒന്പതു തോട്ടങ്ങളിൽ മരം കോതൽ കൃത്യമായി ചെയ്യുന്നില്ല.
ഇത്തരം നടപടികൾ ചെയ്തില്ലെങ്കിൽ കോന്നി, നിലമ്പൂർ തോട്ടങ്ങളിലെ തേക്കിൻ തടിയുടെ ഉത്പാദനത്തിലും ഗുണനിലവാരത്തിലും കുറവുണ്ടാകാമെന്ന് സിഎജി നിരീക്ഷിച്ചു. എന്നാൽ വരുമാനനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന സർക്കാർ വാദം സിഎജി തള്ളി.
തേക്കുതോട്ടങ്ങളുടെ വരുമാനനഷ്ടത്തിലും ശരിയായ പരിപാലനത്തിലും സർക്കാർ തിരുത്തൽ നടപടികൾ എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വനം വൃക്ഷ രജിസ്റ്ററും മറ്റു കണക്കുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തി.
ഗതാഗത വകുപ്പിൽ 279 കോടിയുടെ നഷ്ടം
2023 വരെയുള്ള അഞ്ചുവർഷം റോഡ് സുരക്ഷാ ഫണ്ടും ഒറ്റത്തവണ സെസും കൈമാറാത്തതു മൂലം 279.80 കോടി രൂപയുടെ കുറവുണ്ടായതായി സിഎജി നിരീക്ഷിച്ചു.
ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പെർമിറ്റുകൾക്കു സർവീസ് ചാർജ് ഈടാക്കാത്തതിൽ 4.24 കോടി രൂപയുടെയും വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വൈകിയതിനു പിഴ ഈടാക്കാത്തതിനാൽ 8.2 കോടി രൂപയുടെയും നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽനിന്നു മറ്റു ജില്ലയിലെ സ്ഥലങ്ങളിലേക്കു കള്ളു കൊണ്ടുവരുന്നതിന് അധിക പെർമിറ്റ് നൽകാത്തതിൽ 8.3 കോടി രൂപയുടെയും വിദേശ മദ്യ ലൈസൻസ് കൈമാറ്റം ചെയ്യാത്തതിനാൽ 64 ലക്ഷത്തിന്റെയും കുറവുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്.
2023ലെ തദ്ദേശ സ്വയം സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ കേരളത്തിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1274.63 കോടി രൂപയും 384.98 കോടി രൂപയും ലാപ്സ് ആയി പോയതായും പറയുന്നു. തിരുവനന്തപുരം കൊച്ചി കോർപറേഷനിൽ ഷോപ്പിംഗ് കോംപ്ലക്സുകൾ, ഗ്യാസ് ശ്മശാനം എന്നിവ ഉപയോഗശൂന്യമായി കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.